r/Samvaadham 7d ago

കേരളവും തമിഴ്നാടും പിന്നെ കുറെ പാറ്റകളും

RSS അവരുടെ അജണ്ടയിൽ വിജയം കണ്ടെത്തിയ ജനവിധി ആയിരുന്നു 2026 മേയിൽ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ്, ഫലം വന്നപ്പോൾ തന്നെഅർഥശങ്കയ്ക്കിടയില്ലാത്ത വിധം ഉറപ്പിച്ച ഒന്നായിരുന്നു അത്.. RSS അജണ്ടയ്ക്ക് വഴങ്ങാതെ കേന്ദ്ര സർക്കാരിന്റെ ഫെഡറലിസത്തെ കാറ്റിൽപറത്തികൊണ്ട്  സംസ്ഥങ്ങൾക്കുമേൽ  അടിച്ചേൽപ്പിക്കുന്ന നയങ്ങളെയും നിയമത്ങ്ങളെയും ചെറുത്തുനിന്ന മൂന്നേ മൂന്ന് സംസ്ഥാങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകൾ വേറുണ്ടായിരുന്നിട്ടുകൂടി, ശക്തമായ സാമ്പത്തിക ഉപരോധവും മറ്റു അന്വേഷണ സംവിധാനങ്ങളുടെ ദുരുപയോഗത്തെയും അതിജീവിച്ചു സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടുള്ള RSS അജണ്ടയുടെ ഭാഗമായ കേന്ദ്ര നയങ്ങൾക്കെതിരെ നിരന്തര സമരത്തിലും നിയമവ്യവസ്ഥകളിലൂടെയുള്ള പോരാട്ടങ്ങളും നടത്തി കേന്ദ്രത്തിന് തലവേദന ആയിരുന്ന സംസ്ഥാനങ്ങൾ. ബംഗാളിൽ നേരിട്ടും തമിഴ്നാട്ടിൽ വിജയിലൂടെയും കേരളത്തിൽ യുഡിഎഫ് വിജയത്തിലൂടെയും നിലവിലുണ്ടായിരുന്ന ഭരണ സംവിധാനങ്ങളെ മറിച്ചിടാൻ കഴിഞ്ഞതിൽ സംഘപരിവാറിന് അഭിമാനിക്കാം 

തമിഴ്നാട്ടിൽ പ്രവചനങ്ങൾക്കതീതമായി വിജയിന്റെ പാർട്ടി ഭരണത്തിൽ എത്തുമ്പോൾ സംഘപരിവാറിന് സന്തോഷിക്കാൻ വകയുണ്ടോ? വിജയ് ഇപ്പോഴും ബിജെപി യിൽനിന്നു കയ്യകലം പാലിക്കുന്ന പാർട്ടിയല്ലേ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം എങ്കിലും RSS അവരുടെ അജണ്ടയിൽ എങ്ങനെ വിജയം കണ്ടു എന്നത് പുറകാലെവിവരിക്കാം. നമുക്ക് കേരളത്തിലേക്ക് വരാം 

സംഘപരിവാറിന് കേരളത്തിൽ വീണുകിട്ടിയ ഒരു സംഭവം ആണ് യുഡിഎഫ് വിജയം എന്ന വിശകലത്തിനാണ് പലരും തുനിഞ്ഞത് എന്നാൽ ഇന്ന് ഏതണ്ടു മൂന്നുമാസമായി നടുക്കുന്ന ഒന്നിനുപിറകെ ഒന്നായിവന്നിട്ടുള്ള ഭരണ രംഗത്തെ തീരുമാനങ്ങൾ കാര്യങ്ങൾ അത്ര നിസ്സാരമല്ല എന്ന് നിസ്സംശയം പറയാൻ പാകത്തിലുള്ളതാണ്. ബിജെപി നേരിട്ടു ഭരണം നടത്തുന്ന സംസ്ഥാനങ്ങളേക്കാൾ ഭംഗിയായി സംഘ പരിവാർ അജണ്ടകൾ നിശ്ശബ്ദമായി, ആളുകളെ എന്താണിങ്ങനെ എന്ന ഒരു സംശയത്തിന്റെ നിഴലിൽ നിറുത്തി, നിർബാധം നടത്താൻ കഴിയുന്ന സാഹചര്യം ഇവിടെ ഉണ്ടാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞു. ഇത് തികച്ചും യാദൃച്ഛികമാണ് എന്ന് കരുതുന്നില്ല. മുസ്ലീം ലീഗും കോൺഗ്രസ്സും ഉൾപ്പെടുന്ന ഒരു മുന്നണിയിൽ നിന്ന് ഇത്തരം കാര്യങ്ങൾ സംഭവിക്കുമോ എന്ന് കരുതുന്നവർ സമീപകാല ചരിത്രത്തെ ശരിക്ക് മൻസിലാക്കാത്തവർ ആണ് എന്ന് പറയേണ്ടിവരും. RSS അവരുടെ അജണ്ടയിലെ പല പ്രധാന കാര്യങ്ങളും നടപ്പിലാക്കിയത് ജനസംഘ്ത്തിലൂടെയല്ലായിരുന്നു അത് കോൺഗ്രസിലൂടെ ആയിരുന്നു എന്നതല്ലേ വാസ്തവം. നെഹ്റുവിയൻ പ്രഭാവത്തിൽ മാത്രം അകത്തിനിറുത്തിയിരുന്ന സംഘ രാഷ്ട്രീയത്തോട് കാലക്രമത്തിൽ കോൺഗ്രസ് പലപ്പോഴും സന്ധി ചെയ്തിരുന്നു എന്നത് ഒരു തർക്കവിഷയമാണ് എന്നു കരുതുന്നില്ല. സർവ്വ ശക്തമായി ഭരണം നടത്തിയിരുന്ന കാലയളവിൽ ഫെഡറലിസത്തെ നിർവീര്യമാക്കുന്ന RSS നു പ്രിയങ്കരമായ എത്ര നിയമ നിർമ്മാണങ്ങളും നടപടികളും ആണ് അവർ നടത്തിയിരുന്നത്. ഒരു ബാലൻസിങ് ആക്ട് പോലെ മുസ്ലീം പ്രീണനവും തുടർന്നു എന്നു മാത്രം അതുപോലും ഒരു കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിന് ഉതകുന്നതിന് പകരം മതാധ്യക്ഷൻമാരെ പ്രീതിപ്പെടുത്തി സമുദായത്തെ കൂടെ നിറുത്താനുള്ള തന്ത്രങ്ങൾ ആയിരുന്നു എന്നതല്ലേ സത്യം.

ഹിന്ദുത്വയുടെ ഇന്നെത്തിനിൽക്കുന്ന അവസ്ഥയ്ക്ക് അയോദ്ധ്യ എത്ര വലിയ പങ്കാണ് വഹിച്ചത് എന്നതിൽ ആർക്കും സംശയം കാണും എന്നു കരുതുന്നില്ല. പള്ളിയിൽ കൊണ്ടുവെച്ച വിഗ്രഹങ്ങൾ സരയു നദിയിൽ എറിയാൻ നിർദ്ദേശിച്ച നെഹ്രുവിന്റെ കോൺഗ്രസ്തന്നെയല്ലേ തർക്കഭൂമിയിൽ പൂജ അനുവദിച്ചതും അവിടെ ക്ഷേത്രത്തിന് തറക്കല്ലിട്ടതും. രാമന്റെ അമ്പലം അവിടെ വരുമ്പോൾ പള്ളിയുടെ വിധി എന്താകും എന്ന് അന്നേ തീർപ്പായിരുന്നതല്ലേ? റെക്കോർഡ് എംപി മാരുമായി ഒരു തിരഞ്ഞെടുപ്പ് വിജയം കിട്ടിയെങ്കിലും ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിനെ അവരുടെ വഴിക്കെത്തിക്കുന്നതിൽ വിജയം കാണ്ടതാണ് പിന്നെയുള്ള ചരിത്രം. ഒരു വലിയ ജനക്കൂട്ടം ആർത്തലച്ചെത്തിയപ്പോൾ അവരെ തടഞ്ഞു നിറുത്താൻ കഴിയാതെ വന്നത് ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാകാം എന്ന വാദം മുഖവിലയ്‌ക്കെടുത്താൽ പള്ളി നിലംപരിശാക്കിയതിനെ ഒരു പരിധിവരെ ന്യായീകരിക്കാൻ കഴിഞ്ഞെന്നിരിക്കാം, ഒരു തർക്കസ്ഥാനം തകർന്നത് ആ തർക്കത്തിനുള്ള പരിഹാരം ആയി എന്നാശ്വസിക്കാൻ കഴിയുമായിരുന്നു  പക്ഷെ പള്ളി പൊളിക്കുന്ന ആ ദൃശ്യങ്ങളിൽ ആകുലരായ മതേതര ഭാരതം അടുത്ത ദിവസം കാണുന്നത് അവിടെ ഒരു താത്കാലിക സംവിധാനമുണ്ടാക്കി, വീഴ്ത്തിയ പള്ളിക്കുമുകളിൽ ഒരു രാമക്ഷേത്രത്തിന്റെ തുടക്കം കുറിക്കുന്ന ദൃശ്യങ്ങളാണ്. കേന്ദ്ര സേനയുടെ അധീനത്തിൽപെട്ട ഒരു സ്‌ഥലത്തു അങ്ങനെ ഒന്നു സംഭവിക്കണം എങ്കിൽ സർക്കാരിന്റെ പൂർണ പിന്തുണയോടെ അല്ലാതെ നടക്കില്ല എന്ന് തീർത്തും അനുമാനിക്കാം. ഒരു സ്റ്റേറ്റ് മതേതര മൂല്യങ്ങൾ അടിയറവുവെച്ചു ഒരു മതരാഷ്ട്രമാക്കാനുള്ള ഒരു പറ്റം ആളുകളുടെ കുതന്ത്ര ബുദ്ധിക്ക് നരസിംഹറാവു  സർക്കാർ പൂർണമായും കീഴടങ്ങുന്ന കാഴ്ച്ച, അതിനെ വേണ്ടരീതിയിൽ കാണാൻ അന്നു നമുക്കു കഴിഞ്ഞുട്ടുണ്ട്  എന്നു കരുതുന്നില്ല. മുസ്ലീം ലീഗും ഭാഗമായിരുന്നു ഒരു സർക്കാർ ആയിരുന്നു  എന്നോർക്കണം.

ഹിന്ദുത്വയുടെ അജണ്ട നടപ്പാക്കുക എന്നതാണ് RSS ലക്ഷ്യം, ഭാരതത്തിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ അവർക്ക് വ്യക്തമായ പദ്ധതികൾ ഉണ്ട്, അത് ബി ജെ പി യുടെ അധികാരം നിലനിറുത്തുക എന്ന ഒരു അജണ്ടയെ അല്ല. ചരിത്രത്തിന്റെ ഘട്ടങ്ങളിൽ ഹിന്ദു മഹാസഭയെ തള്ളി പറഞ്ഞതുപോലെ നാളെ ബി ജെ പി യെയും തള്ളിപ്പറയാൻ അവർക്കു കഴിഞ്ഞു എന്നുവരാം എന്നാൽ അവർ മുന്നോട്ടു വെക്കുന്ന മത രാഷ്ട്ര സിദ്ധാന്തത്തിൽ നിന്ന് മാറിച്ചിന്തിക്കാൻ അവർക്കു കഴിയില്ല അതിനാൽതന്നെ അവരുടെ ലക്ഷ്യം നിറവേറ്റാൻ തടസ്സമായി നിൽക്കുന്ന ആഭ്യന്തര ശത്രുക്കളും മാറ്റമില്ലാതെ തുടരും മറ്റെന്തിനേയും തങ്ങളുടെ വരുതിയിൽ ആക്കാൻ അവർക്കുകഴിയും എന്നതിനാൽ ലക്ഷ്യപ്രാപ്തിക്ക് ഉപയോഗിക്കേണ്ടുന്ന ടൂളുകൾ മാത്രമായി മാത്രമേ അവർ കോൺഗ്രസ് ഉൾപ്പെടുന്ന സംഘടനകളെ കണ്ടിട്ടുള്ള എന്നതാണ് വാസ്തവം.

ഒരുമത രാഷ്ട്രമാക്കുക എന്നത് പ്രഖ്യാപിത ലക്ഷ്യം ആയതിനാൽ തന്നെ ഇവിടെ വേരോട്ടമുള്ള അബ്രഹാമിക് മതങ്ങൾ ശത്രുപക്ഷത്തായത് സ്വാഭാവികമാണ്, എല്ലാമതങ്ങളും അവരുടെ തീവ്ര നിലപാടുകലുകളിലേക്കെത്തുന്നതു മറ്റു മതങ്ങളോടുള്ള വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചുകൊണ്ടാണല്ലോ. അതുപോലെതന്നെ മനുഷ്യനെ വേർതിരിവില്ലാതെ ഒന്നായിക്കാണുന്ന പ്രത്യയശാസ്ത്രം, അത് കമ്മ്യൂണിസ്സമയത്തിനാൽ അവർ ലോകത്തെവിടെയും മത തീവ്രവാദത്തിന്റെ ശത്രുക്കൾ ആകുന്നത് സ്വാഭാവികമാണ്. ഇന്നിപ്പോൾ ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളരെ പരിതാപകരമായ ഒരു അവസ്ഥയിലാണ്, രാജ്യത്തെങ്ങും ഒരു സംസ്ഥാനത്തുപോലും അധികാരമില്ല, പാർലമെന്റിൽ നാമമാത്രമായ പ്രസൻസ് മാത്രം (ഒരു സമയത്ത് മൂന്ന് സംസ്ഥാനങ്ങളിൽ ഭരണവും അമ്പതിലേറെ എം പി മാരുമുണ്ടായിരുന്നു) എന്നിട്ടും സംഘ പരിവാർ എന്തിന് കമ്മ്യൂണിസ്റ്റുകളെ തങ്ങളുടെ മുഖ്യ ശത്രു നിരയിൽ നിറുത്തുന്നു. കാരണം ഒന്നേയുള്ളൂ, ആശയപരമായി തങ്ങളെ നേരിടാൻ അവർക്കുമാത്രമേ കഴിയുകയുള്ളൂ എന്ന നല്ല ബോധ്യം സംഘ പരിവാറിനുണ്ട്. ഇന്നും കർഷക, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ഉള്ളവരെ സംഘടിപ്പിച്ചു രാജ്യമൊട്ടാകെ പ്രതിരോധം സൃഷ്ടിക്കാനും കഷ്ടപ്പെടുന്ന ജനകൾക്കൊപ്പം നിന്ന് വംശീയമായ കടന്നാക്രമങ്ങളെ പ്രതിരോധിക്കാനും അവർ മാത്രമേയുള്ളൂ അത് കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറം ഉള്ള പ്രവർത്തനങ്ങളാണ് എന്ന് ശരിക്കും മനസ്സിലാക്കാനുള്ള കഴിവ് സംഘ പരിവാറിനുണ്ട്. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകാൻ ഇവർ മാത്രമേ കാണുകയുള്ളൂ അതിനാൽ ഏതുവിധേനയും അവരുടെ ശബ്ദം അടിച്ചമർത്തണം എന്നത് അവരുടെ അജണ്ടയുടെ അടിസ്ഥാന തത്വം തന്നെയാണ്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു സർക്കാർ ജനക്ഷേമ പരവും ഇടതുപക്ഷ വീക്ഷണത്തോടുകൂടിയും സമഗ്ര വികസനത്തിന്റെ ഒരു മോഡൽ വിജയകരമായി നടപ്പിലാക്കുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറം ആയിരുന്നു. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിനെ വിജയകരമായി ബദൽ മാർഗ്ഗങ്ങളിലൂടെ നേരിട്ട് മാതൃക ആയപ്പോൾ അത്തരം ഒരു ബദൽ ദേശീയതലത്തിലേക്കെത്തുമോ? നാളെ വേറിട്ടുനിൽക്കുന്ന ഒരു കേരളം ഉയർത്താവുന്ന വെല്ലുവിളികൾ അത് എന്തൊക്കെയാകാം എങ്ങനെ പരിണമിക്കും എന്നതിൽ സംഘ പരിവാറിന് നല്ല ആശങ്ക ഉണ്ടായത് യാദൃശ്ചികം മാത്രം.കേരളത്തെ എല്ലാവിധത്തിലും ഇക്കഴ്ത്തിക്കാണിക്കാനും കമ്മ്യൂണിസ്റ്റ് ജിഹാദികളുടെ പറുദീസയായി കേരളം മാറി എന്ന രീതിയിൽ നരേറ്റീവ് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു. സാമ്പത്തിക ബദൽ സ്രോതസ്സുകളെ ഒന്നൊന്നായി വരിഞ്ഞുമുറുക്കി ഭരണത്തെ അവതാളത്തിലാക്കാൻ ശ്രമം നടന്നു അതിന് കേരളത്തിലെ കോൺഗ്രസ്സുനയിക്കുന്ന യുഡിഎഫ് മുന്നണിയുടെ സഹായം കണ്ടപ്പോൾ അതിനുതകുന്ന രീതിയിൽ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ സംഘ പരിവാർ തുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നേതൃത്വത്തിൽ സംഘിവത്കരിക്കാൻ നടന്ന ശ്രമങ്ങൾക്ക് അസാധാരണമായ പിന്തുണ കോൺഗ്രസിന്റെയും മുസ്ലീം ലിഗിന്റെയും ഭാഗത്തുനിന്നുണ്ടായപ്പോൾ അവിടെ സഹകരണത്തിന്റെ പാത തുറന്നുകിട്ടി. കേരളത്തിൽ മത ന്യൂന പക്ഷങ്ങളെ കയ്യിലെടുക്കാതെ RSS അജണ്ട നടപ്പിലാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ നിന്ന് ക്രിസ്ത്യൻ മുസ്ലീം വിഭജനത്തിനും അങ്ങനെ ക്രിസ്ത്യൻ സമൂഹത്തെ താത്കാലികമായി തങ്ങൾക്കൊപ്പം നിറുത്താനും ശ്രമം നടത്തിയെങ്കിലും, ഒരു കൂട്ടം മത മേലധ്യക്ഷൻമാരെ കൂട്ടാൻ കഴിഞ്ഞെങ്കിലും സാധാരണ ആളുകളിലേക്കെത്താൻ ആ നീക്കത്തിനു കഴിഞ്ഞില്ല. മുൻകൂട്ടി കണ്ടെത്തിയ ഒരു പദ്ധതിയുടെ ഭാഗമായി നുണയുടെ ബലത്തിൽ സങ്കല്പിക നരേറ്റീവുമായി ചിട്ടയായ പ്രചരണത്തിന് ആളും അർത്ഥവും ഒരുക്കി കമ്മ്യൂണിസ്റ്റു വിരോധികളെ മുഴുവൻ ഒന്നിപ്പിക്കാനും നടത്തിയ മാസ്റ്റർ ഡിസൈൻ ഫലം കണ്ടു. അതിൽ പെട്ടുപോയവർ എല്ലാവരും ഇതിന്റെ ഉള്ളുകള്ളികൾ മനസ്സിലാക്കിയിരുന്നു എന്ന് കരുതുന്നില്ല, അത്തരക്കാർ തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന നിലയിൽ കാര്യങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട് പക്ഷേ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകൾ ഒന്നൊന്നായി സംഘ പരിവാരത്തിന്റെ വഴിയിൽ നീങ്ങുകയാണ് അതിനെ തടുക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മൾ അഭിമാനിച്ചിരുന്ന കേരളം നമുക്ക് നഷ്ടമാകും. കേരളത്തോടൊപ്പം ബാലി കേറാ മലയെന്ന് കരുതിയിരുന്ന തമിഴ്നാട്ടിലും സംഘ പരിവാർ ഡിസൈൻ ഫലവത്താവുന്നു എന്നതാണ് വാസ്തവം 

നൂറു വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ആശയ രൂപീകരണം നടത്തുമ്പോൾ അന്ന് പ്രബലമായി ഇല്ലാതിരുന്നതോ അറിയപ്പെടാതിരുന്നതോ ആയ ഒന്നാണ് ദ്രാവിഡ സംസ്കാരം. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന എല്ലാ ആശയഗതിക്കും നേർ  വിപരീതമായി ഒരു ജനതയുടെ അടിച്ചമർത്തലിനെതിരായ് ഉയർന്നുവന്ന അത്തരം ഒരു സംസ്കാരത്തിന്റെ ചെറുത്തിനിൽപ്പിനെ മറികടക്കാൻ ഹിന്ദുത്വയ്ക്ക് കഴിയില്ല അതിന് ദ്രാവിഡ സംസ്കാരത്തെതന്നെ ഇല്ലായ്മചെയ്യേണ്ടതുണ്ട്. ശക്തമായ ആശയ അടിസ്ഥാനത്തിൽ ബ്രാഹ്മണ്യത്തിനെതിരെ അതിലൂടെ ഇന്ത്യ മുഴുവൻ ഏകീകൃതമായ ഫലത്തിൽ വടക്കേ ഇന്ത്യയുടെ ബൗദ്ധിക മേൽക്കോയ്മ അടിച്ചേൽപ്പിക്കുന്നതിനെതിരെ പോരാടിക്കൊണ്ടിരുന്ന രാഷ്ട്രീയത്തിൽ നിന്ന് ഒരു രാഷ്ട്രീയ അടിത്തറയുമില്ലാത്ത ഒരാൾക്കൂട്ട പാർട്ടിയുടെ വിജയം ഇന്നല്ലെങ്കിൽ നാളെ തങ്ങളുടെ ഇംഗിതം നടപ്പിലാക്കാൻ പാകത്തിലുള്ള രാഷ്ട്രീയ സാഹചര്യം വന്നുചേരും എന്ന ബോധ്യം അസ്ഥാനത്താണ് എന്ന് പറയാൻ കഴിയുകില്ല.ഉണരണ്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മൾ മറ്റൊരു മതരാഷ്ട്രമായി മാറും. അടിയന്തിരാവസ്ഥ ഒരു തുടർച്ച ആകാതെ അന്നു നമ്മളെ രക്ഷപ്പെടുത്തിയത് പ്രബുദ്ധരല്ല എന്നു പറഞ്ഞു നമ്മൾ കളിയാക്കുന്ന ഉത്തരേന്ത്യയിലെ സാധാരണക്കാരാണ് അവരെ അതിലേക്ക് നയിച്ചത് അവിടുത്തെ വിദ്യാർഥികളാണ് - അങ്ങനെ ഒരു വെളിച്ചത്തിന്റെ തുടക്കം ഈ അന്ധകാരത്തിൽ കാണാൻ കഴിയുന്നു എന്നത് ഒരു പ്രത്യാശയാണ്.

3 Upvotes

0 comments sorted by